04:51pm 12 November 2026
NEWS
ആന്റണിയുടെ ലാളിത്യം, മാധവന്റെ വിശ്വസ്തത: സോണിയയുടെ ‘ബിലോങ്ങിങ്ങിൽ’ ആറു മലയാളികൾ
12/11/2026  04:21 PM IST
സുരേഷ് വണ്ടന്നൂർ
ആന്റണിയുടെ ലാളിത്യം, മാധവന്റെ വിശ്വസ്തത: സോണിയയുടെ ‘ബിലോങ്ങിങ്ങിൽ’ ആറു മലയാളികൾ

 തിരുവനന്തപുരം:ഡൽഹിയിലെ കൊടുംതണുപ്പിലും പതിവ് കോട്ടൺ മുണ്ടും ഷർട്ടും ധരിച്ച എ. കെ. ആന്റണി. യാത്രകളുടെയും പരിപാടികളുടെയും കാര്യങ്ങൾ അറിയിക്കാൻ ഇന്റർകോമിലൂടെ ബന്ധപ്പെട്ടിരുന്ന പി. പി. മാധവൻ. സോണിയ ഗാന്ധിയുടെ ആത്മകഥയായ Belonging: A Journey of Love എന്ന കൃതിയിൽ കേരളത്തിൽനിന്നുള്ള രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും വ്യക്തിഗത സെക്രട്ടറിമാരുമായി ആറുപേരെ പേരെടുത്തു പരാമർശിക്കുന്നു. ആന്റണിക്കും മാധവനും പുറമേ വി. കെ. കൃഷ്ണമേനോൻ, എം. കെ. നാരായണൻ, വിൻസെന്റ് ജോർജ്, എസ്. വി. പിള്ള എന്നിവരാണ് ഈ ഓർമ്മകളിൽ ഇടം നേടുന്നത്.


തനിക്ക് വിവേകപൂർവമായ ഉപദേശം നൽകിയ സഹപ്രവർത്തകനായാണ് മുൻ മുഖ്യമന്ത്രി എ. കെ. ആന്റണിയെ സോണിയ ഓർക്കുന്നത്. ലളിതജീവിതം നയിച്ച ഗാന്ധിയായിരുന്ന ആന്റണി ചർച്ചകളിൽ എപ്പോഴും പാർട്ടിയുടെ താൽപര്യം കണക്കിലെടുത്തിരുന്നുവെന്ന് അവർ എഴുതുന്നു. ഡൽഹിയിലെ തണുപ്പിനെ നേരിടാൻ പതിവ് മുണ്ടിനും ഷർട്ടിനുമൊപ്പം പഴകിയ ചാരനിറമുള്ള സ്വെറ്ററോ വെള്ള ഷാളോ ധരിച്ചിരുന്ന ആന്റണിയുടെ രൂപവും പുസ്തകത്തിലുണ്ട്. മൻമോഹൻ സിങ് സർക്കാരും കോൺഗ്രസ് പാർട്ടിയും തമ്മിലുള്ള ഏകോപനത്തിനായി പ്രധാനമന്ത്രിയോടൊപ്പം ആഴ്ചതോറും ചേർന്ന കോർ ഗ്രൂപ്പിലും ആന്റണി അംഗമായിരുന്നു (പേജ് 399, 437).

ഇംഗ്ലണ്ടിൽ ഇന്ദിരയും ഫിറോസ് ഗാന്ധിയും ഇന്ത്യാ ലീഗിൽ പ്രവർത്തിച്ച കാലത്തെ ഓർമ്മകളിലാണ് വി. കെ. കൃഷ്ണമേനോൻ കടന്നുവരുന്നത്. ഇരുവരും കൃഷ്ണമേനോനോടൊപ്പം പ്രവർത്തിച്ചിരുന്നുവെന്നും സ്വതന്ത്ര ഇന്ത്യയിൽ അദ്ദേഹം നയതന്ത്രജ്ഞനായും പിന്നീട് നെഹ്റു മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായും സേവനമനുഷ്ഠിച്ചുവെന്നും സോണിയ രേഖപ്പെടുത്തുന്നു. കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗങ്ങളെക്കുറിച്ചുള്ള വിവരണത്തിലാണ് പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ എം. കെ. നാരായണന്റെ പേര് വരുന്നത്. ആഭ്യന്തര സുരക്ഷയെക്കുറിച്ച് മുഖ്യമന്ത്രിമാരോട് സംസാരിക്കാൻ ക്ഷണിച്ച വിദഗ്ധരിൽ ഒരാളായിരുന്നു അദ്ദേഹം (പേജ് 163, 405).


1977-ലെ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷവും ഇന്ദിര ഗാന്ധിയുടെ ഓഫീസ് പ്രവർത്തിപ്പിക്കാൻ കൂടെയുണ്ടായിരുന്ന സെക്രട്ടറിമാരിൽ ഒരാളായിരുന്നു വിൻസെന്റ് ജോർജ്. പിന്നീട് രാജീവിന്റെ വിശ്വസ്തനായ പേഴ്‌സണൽ അസിസ്റ്റന്റായും സ്വന്തം ഓഫീസിൽ വർഷങ്ങളോളം അർപ്പണബോധത്തോടെ പ്രവർത്തിച്ച സഹപ്രവർത്തകനായും സോണിയ അദ്ദേഹത്തെ ഓർക്കുന്നു. ഗ്രാമസന്ദർശനങ്ങളിൽ ജനങ്ങൾ ഉന്നയിച്ച പരാതികൾ കുറിച്ചെടുക്കാനും ആവശ്യമായ തുടർനടപടികൾ നോക്കാനും രാജീവ് ചുമതലപ്പെടുത്തിയ സഹായികളുടെ കൂട്ടത്തിലും ജോർജുണ്ടായിരുന്നു (പേജ് 214, 285).


രാജീവ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സ്വന്തം യാത്രകളെയും പരിപാടികളെയും കുറിച്ചുള്ള കാര്യങ്ങൾ അറിയിക്കാൻ ഇന്റർകോം വഴി ബന്ധപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ വ്യക്തിഗത സെക്രട്ടറിമാരായ വിൻസെന്റ് ജോർജ്, എസ്. വി. പിള്ള, പി. പി. മാധവൻ എന്നിവരോടായിരുന്നുവെന്ന് സോണിയ എഴുതുന്നു. റേസ് കോഴ്‌സ് റോഡിലെ വസതി ഒഴിയുമ്പോഴാണ് മാധവനെ ആദ്യമായി നേരിൽ കണ്ടതെന്നും അവർ ഓർക്കുന്നു. പിന്നീട് പത്താം നമ്പർ ജനപഥിലെ ഓഫീസിൽ ജീവിതാവസാനംവരെ തന്റെ വ്യക്തിഗത സെക്രട്ടറിയായി തുടർന്ന മാധവനെ, വിശ്വസ്തനും അധ്വാനശീലനും ആവശ്യമുള്ളപ്പോഴെല്ലാം ഒപ്പമുണ്ടായിരുന്നയാളുമായാണ് സോണിയ വിശേഷിപ്പിക്കുന്നത് (പേജ് 279).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img